07:32am 09 November 2026
NEWS
"2018-ലും 2019-ലും പ്രളയം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന കാര്യം എനിക്കറിയില്ലായിരുന്നു"; പൊന്നാനിയിലെ സൽക്കാര വിവാദത്തിൽ പ്രതികരണവുമായി വി ഡി സതീശൻ
03/08/2026  01:44 PM IST
nila

തിരുവനന്തപുരം: മഴക്കെടുതിക്കിടെ മലപ്പുറത്ത് സുഹൃത്തിന്റെ വീട്ടിൽ പോയത് സൽക്കാരത്തിൽ പങ്കെടുക്കാനല്ല, ഭക്ഷണം കഴിക്കാനാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. പ്രതിപക്ഷം ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. മഴയുമായി ബന്ധപ്പെട്ട വിവരം പുലർച്ചെ അഞ്ചുമണിയോടെ ലഭിച്ചതുമുതൽ ജില്ലാ കലക്ടർമാരുമായും മന്ത്രിമാരുമായും എം.എൽ.എമാരുമായും നിരന്തരം ബന്ധപ്പെട്ടു ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തബാധിത പ്രദേശത്തേക്ക് നേരിട്ട് എത്തേണ്ടതുണ്ടോ എന്ന് ബന്ധപ്പെട്ടവരോട് അന്വേഷിച്ചെങ്കിലും അതിന്റെ ആവശ്യമില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് നേരത്തേ നിശ്ചയിച്ചിരുന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"2018-ലും 2019-ലും പ്രളയം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഭക്ഷണം കഴിച്ചിരുന്നില്ലെന്ന കാര്യം എനിക്കറിയില്ലായിരുന്നു. മലപ്പുറത്ത് എത്തിയപ്പോൾ സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം തയ്യാറാക്കിയിരുന്നു. അത് കഴിക്കാൻ പോയ സംഭവത്തെ സൽക്കാരമെന്ന പേരിൽ അപവാദപ്രചാരണം നടത്തുകയാണ് ഉണ്ടായത്. ഞാൻ പോയത് സൽക്കാരത്തിനല്ല, ഭക്ഷണം കഴിക്കാനാണ്," മുഖ്യമന്ത്രി പറഞ്ഞു. നിങ്ങൾ എത്ര അപവാദ പ്രചരണമാണ് നടത്തുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇതിനേക്കാൾ വലിയ പ്രളയ സാഹചര്യങ്ങൾ നേരിട്ട അനുഭവം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

"എന്റെ മണ്ഡലത്തിൽ ഒരിക്കൽ 75,000 പേരെ ദുരിതാശ്വാസ ക്യാംപുകളിൽ പാർപ്പിച്ചിരുന്നു. പ്രളയത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ ഒരു തരി അരിപോലും ലഭിക്കാത്ത സാഹചര്യത്തിൽ എറണാകുളത്തെയും കൊടുങ്ങല്ലൂരിലെയും മാർക്കറ്റുകളിൽ നിന്ന് കടം വാങ്ങിയാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇപ്പോൾ കനത്ത മഴയിൽ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ വാർത്താസമ്മേളനം നടത്തി രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും" മുഖ്യമന്ത്രി വിമർശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img